Wednesday 16 April 2014

ആട്ടിടയനും ചെന്നായയും

പണ്ട് പണ്ട് ഒരു ആട്ടിടയൻ ഉണ്ടായിരുന്നു. അവന്റെ പേർ അച്ചുതൻ വീട്ടിൽ രാമൻ നായർ.
അവന്റെ പണി ആടുകളെ മേയ്ക്കുന്നതാണ്. ഒരു ദിവസം അവൻ തമാശയ്ക്ക് 'ഹയ്യോ ചെന്നായ
വരുന്നേ' എന്ന് കൂവി. കൂവൽ കേട്ടതും ആൾക്കാർ ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റുമായി
വന്നു. ചെന്നായയെ കാണാഞ്ഞ് അവർ അരിശത്തോടെ തിരിച്ചുപോയി. രാമൻ നായർ
ഇതുകണ്ട് ഊറിച്ചിരിച്ചു.

അടുത്ത ദിവസവും  അവൻ ഇതുതന്നെ ചെയ്തു. പക്ഷെ ഇത്തവണ രണ്ടുപേർ മാത്രമേ ഹോക്കി
സ്റ്റിക്കും ക്രിക്കറ്റ് ബാറ്റുമായി വന്നുള്ളൂ. അവർ തലേന്നു വന്നവരുടെ കൂട്ടത്തിൽ ഇല്ലായിരുന്നു.
അവരും അരിശത്തോടെ തിരിച്ചുപോയി. രാമൻ നായർ ഇത്തവണയും ഊറിച്ചിരിച്ചു.

രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞ് ഒരു ചെന്നായ ശരിക്കും വന്നു. അവൻ ആടുകളുടെ രോമം
മാത്രമേ ബാക്കി വച്ചുള്ളൂ. പക്ഷെ, ഇത്തവണ രാമൻ നായർ ചെന്നായ വരുന്നേ എന്ന് വിളിച്ചുകൂവിയില്ല.

കാരണം, അവൻ ആട്ടിടയനും ചെന്നായയും എന്ന കഥ വായിച്ചിട്ടുണ്ടായിരുന്നു.


***********                                                        *******************

Tuesday 8 April 2014

മണ്ണാങ്കട്ടയും കരിയിലയും

ഒരു ദിവസം മണ്ണാങ്കട്ടയും കരിയിലയും മുറ്റത്തു കളിക്കുകയായിരുന്നു. പെട്ടന്നൊരു കാറ്റു വന്നു. മണ്ണാങ്കട്ട കരിയിലയുടെ പുറത്തു കയറിയിരുന്നു. കുറച്ചുകഴിഞ്ഞ് കാറ്റു ശമിച്ചു. അവർ കളി തുടർന്നു. അല്പം കഴിഞ്ഞ് മഴ വന്നു. കരിയില മണ്ണാങ്കട്ടയുടെ പുറത്തു കയറിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ കാറ്റും മഴയും ഒരുമിച്ചു വന്നു.

അപ്പോൾ ഇരുവരും വീട്ടിൽ കയറി പോയി.

************                                                      ****************