Friday, 6 July 2012

എന്റെ ആട്


ഒരു ദിവസം രാവിലെ ഞാൻ അലസമായി നടക്കുന്നു. അപ്പോൾ അയൽ വീട്ടിൽ നിന്ന് ഒരു കരച്ചിൽ ഞാൻ കേട്ടു. പക്ഷെ എന്താണെന്ന് മനസിലായില്ല. ഞൻ ഒന്നുകൂടി ശ്രദ്ധിച്ചു. അത് ഒരു ആടിന്റെ കരച്ചിൽ ആയിരുന്നു. അപ്പോഴാണ് എനിക്ക് ഒരു ആശയം ഉദിച്ചത്. എനിക്കും ഒരു ആടുണ്ടായിരുന്നെങ്കിൽ!
ഞാൻ അത് അമ്മയുടെ അടുത്തു ചോദിച്ചു: 'അമ്മേ, എനിക്ക് ഒരു ആടിനെ വാങ്ങിത്തരുമോ?'
അമ്മ പറഞ്ഞു: 'നോക്കട്ടെ'.
പിറ്റേന്ന് അമ്മൂമ്മ വിളിച്ചിട്ട് പറഞ്ഞു: 'എടീ നിനക്ക് ആടിനെ വേണോ?'
അപ്പോൾ അമ്മ പറഞ്ഞു: 'ഇന്നലെ മന്നു പറഞ്ഞു ഒരു ആടിനെ വേണം എന്ന്, എത്രയാ വില?'
അമ്മൂമ്മ:'പറയാം. ആദ്യം ഇവിടെ വന്ന് ആടിനെ നോക്ക്. പെണ്ണാടാണ്.'
'ആ ശരി' എന്നു പറഞ്ഞ് അമ്മ കട്ട് ചെയ്തു. പിറ്റേന്നു തന്നെ ഞാനും അമ്മയും ചേർന്ന് ഒരു ഓട്ടോയിൽ കഞ്ഞിക്കുഴിയിൽ പോയി 1400 രൂപ കൊടുത്ത് ആടിനെ വാങ്ങി. അതിനെ ഞങ്ങൾ എങ്ങനെയൊക്കെയോ ഓട്ടോയിൽ കയറ്റി.
ക്ഷമിക്കണം, വഴിയിൽ വച്ച് ഞങ്ങളുടെ ആട് ഓട്ടോയിൽ മൂത്രമൊഴിച്ചു. പിന്നെ വീട്ടിൽ വന്ന് പ്ലാവിൻ മരത്തിൽ നിന്ന് 2, 3 കുല ഇല പറിച്ച് ആടിന് കൊടുത്തു.
ആടിന് ഇല കൊടുക്കാൻ തന്നെ ഞാനും അനിയൻ ആരുണിയും ഇടി

 
പിറ്റേ ദിവസം വീട്ടിൽ വെള്ളം കോരാൻ വന്ന ഒരു ചേച്ചി ചോദിച്ചു: 'പുതിയ ആടിനെ മേടിച്ചോ?'
'ഇല്ല', ഞാൻ പറഞ്ഞു.
'പിന്നെ ആ ആട് നിങ്ങടെ അല്ലേ?
'അതെ'.
'പിന്നെ എന്താണ്?'
അപ്പോൾ ഞാൻ-'അതല്ല, “പുതിയത്" എന്നു പറയാൻ ഇതിനു മുൻപ് വേറെ ആടിനെ മേടിച്ചിട്ടില്ല, അതുകൊണ്ടാ'.
ആ ചേച്ചി പറഞ്ഞു:' നാളെ കറുത്ത വാവാ. ആടിനെ എണ ചേർക്കാൻ വേണമെങ്കിൽ വരാം'.
'ശരി', ഞാൻ പറഞ്ഞു: എത്രയാ രൂപ?'
'നൂറ്'.
ഞാൻ അമ്മയുടെ അടുത്തു ചെന്ന് കാര്യം പറഞ്ഞു. 'ശരി' എന്ന് അമ്മയും പറഞ്ഞു.
പിന്നെ 2 മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ആട്, അതായത് എന്റെ പ്രിയപ്പെട്ട 'ആട്ടു' (എന്റെ ആടിന്റെ ചെല്ലപ്പേർ)വിനെയും കൊണ്ട് ഞാൻ മുൻപു പറഞ്ഞ ചേച്ചിയുടെ വീട്ടിൽ പോയി. അവിടെ കൊടുത്തിട്ട് മടങ്ങി. എന്നിട്ട് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ നൂറു രൂപയും കൊടുത്ത് ആട്ടുവിനേയും കൊണ്ട് തിരിച്ചു പോന്നു. അന്ന് ആഗസ്ത് 16.
അമ്മ: ' ഇനി ആട് പ്രസവിക്കാൻ 5 മാസം എടുക്കും' എന്നു പറഞ്ഞപ്പോൾ 'ഇത്രയും ഉണ്ടോ' എന്നു ചോദിച്ചു.
പിന്നെ മാസങ്ങൾ കടന്നു. പാവത്തിന് ബോറ് അടിച്ചിട്ട് വയ്യായിരുന്നു. എപ്പോഴും എവിടെയെങ്കിലും ചുറ്റിപ്പറ്റിയിരിക്കും. പിന്നെ ഡിസംബർ 25 ആയി. എന്റെ അച്ഛന്റെ ചേച്ചിയുടെ ഫാമിലിയും പിന്നെ അപ്പൂപ്പനും ഞാനും പിന്നെ അമ്മൂമ്മയും കൂടി തിരുപ്പതിമ്പലത്തിൽ പോയി തിരിച്ചു വരുന്ന ട്രെയിനിൽ ചേച്ചിയ്ക്ക് ഒരു കോൾ സംസാരിച്ചിട്ട് കട്ട് ചെയ്തു. ഞാൻ എന്താണ് എന്നു ചോദിച്ചു.
'നിന്റെ ആട്ടു പ്രസവിച്ചു'.
'എന്തു കുട്ടികളാ?'
'ആൺകുട്ടികൾ, 2 എണ്ണം'.
എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യായിരുന്നു. എങ്ങനെയെങ്കിലും അവിടെ എത്തിയാൽ മതിയായിരുന്നു. അവിടെ എത്തിയപ്പോൾ വിറകു പുരയിൽ അമ്മയുടെ മുല കുടിക്കുന്ന രണ്ടു പിഞ്ച് ആട്ടിൻ കുട്ടികൾ. ഒരെണ്ണം വെള്ളയും മറ്റേത് ബ്രൗണും. അതുകൊണ്ട് ഞാൻ അവർക്ക് പേരിട്ടു: വൈറ്റി & ബ്രൗണി
 
ഞാൻ ആട്ടൂ എന്നു വിളിച്ചപ്പോൾ അവൾ ശ്രദ്ധിക്കുന്നില്ല
ദിവസങ്ങൾ കടന്നുപോയി. വൈറ്റിയും ബ്രൗണിയും വീടിനകത്തു ഭയങ്കര കളി. ഇതു കണ്ടപ്പോൾ എനിക്കു സന്തോഷമായി.
അങ്ങനെയിരിക്കെയാണ് കാലൻ കയറി വന്നത്. പുലർച്ചെ ഏകദേശം മൂന്നു മണി. അപ്പൂപ്പൻ വന്നു കോളിംഗ് ബെല്ലടിച്ചു. കുറച്ചു കഴിഞ്ഞ് ഞാൻ നോക്കിയപ്പോൾ അമ്മ വിഷമത്തോടെ ഇരിക്കുന്നു.
'എന്താ അമ്മേ?'
'ബ്രൗണിയെ പട്ടി കടിച്ചു'.
ഞാൻ ഓടിച്ചെന്ന് പുറത്തുപോയി നോക്കി. കഴുത്തു കടിച്ചു കീറി വച്ചിരിക്കുന്നു ഒരു കാലൻ പട്ടി. ബ്രൗണി മരണത്തിന്റെയും ജീവിതത്തിന്റേയും മുടിനാരിഴയിൽ തൂങ്ങിക്കിടക്കുന്നു. അപ്പൂപ്പൻ ഓടിപ്പോയി പച്ചില മരുന്ന് (മുറിവുണങ്ങാനുള്ള ഒറ്റമൂലി) എടുത്തു പിഴിഞ്ഞ് കഴുത്തിൽ ഇട്ടുകൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ രക്തസ്രാവം നിന്നു. പിറ്റേന്ന് അമ്മയുടെ അടുത്തു തൈയ്ക്കാൻ വരുന്ന ഒരു വെറ്ററിനറി ഡോക്ടർ തന്ന മരുന്നുപയോഗിച്ച് ക്രമേണ ബ്രൗണി രക്ഷപെട്ടു.പക്ഷേ, ഉണ്ടല്ലോ, ആടുകൾക്ക് രക്തത്തിന്റെ മണ. ഇഷ്ടമല്ല. ഈ ബ്രൗണി പോയി പാൽ കുടിക്കാൻ നോക്കുമ്പോൾ ആട്ടുതിനെ തള്ളിയിടും. അപ്പോൾ ബ്രൗണിയുടെ ഒരു കരച്ചിൽ ! ആർക്കും സഹിക്കില്ല.
പിന്നെ ക്രമേണ അവൻ ആരോഗ്യവാനായി മാറി.
കുറച്ചുനാൾ കഴിഞ്ഞ് ഒരിക്കൽ വൈറ്റിയ്ക്കും ബ്രൗണിയ്ക്കും ഒരുപോലെ മൂത്രത്തിൽ കല്ലു വന്നു. അതും സഹിച്ചു
 
പിന്നെ എട്ടു മാസം. അതുങ്ങളെ വിറ്റു.
വിറ്റതു ഞാൻ കണ്ടില്ല. കാരണം ഞാൻ സ്കൂളിൽ പോയിരുന്നു.
ഇതിനിടയിൽ ഞങ്ങൾ മരുന്നിന്, വളർത്തിയതിന് എല്ലാം പണം ചെലവാക്കിയിരുന്നു. ഏതാണ്ട് അഞ്ഞൂറു രൂപയ്ക്കുള്ള പാൽ ആട്ടു ഞങ്ങൾക്കു തന്നിട്ടുണ്ട്. പക്ഷെ അതിരില്ലാത്ത സ്നേഹവും തന്നിട്ടുണ്ട്. എന്നാണോ മിണ്ടാപ്രാണികൾ സ്വതന്ത്രരായി ജീവിക്കുന്നത്? അതീ മനുഷ്യരുള്ളിടത്തോളം നടക്കുന്ന കാര്യമല്ല. കാരണം മനുഷ്യൻ മൃഗമാണ്. ഈ എഴുതുന്ന ഞാൻ പോലും. മനുഷ്യരായി ജനിച്ചവർ എല്ലാവരും മൃഗങ്ങൾ ആണ്. ഈ ആടിനെ ഞാൻ ഈ ജന്മത്തു മറക്കില്ല.
ഇതു സത്യം.

*****                                *****                                       *****


 

No comments:

Post a Comment