Wednesday 23 June 2010

അശ്രദ്ധ ദിനം

പതിവു പോലെ അമ്മ എന്നോട് സവോളയും പുതിനയും ഇറച്ചിയും ഇഞ്ചിയും മേടിക്കുവാന്‍ പറഞ്ഞു. പിറകില്‍ കാറ്റില്ലാത്ത സൈക്കിളിലാണ് പോയത്. അരക്കിലോമീറ്റര്‍ കാണും വീട്ടില്‍ നിന്ന് കടയിലേയ്ക്കു പോകാന്‍. ഞാന്‍ കടക്കാരന്റെയടുത്തുപോയി പറഞ്ഞു: ‘എനിയ്ക്ക് ഒരു കിലോ സവോളയും നൂറു ഗ്രാം ഇഞ്ചിയും നൂറു ഗ്രാം പുതിനയും എടുത്തുവെച്ചേക്കൂ’.
എന്നിട്ട് ഞാന്‍ ഹൈവേ ക്രോസ് ചെയ്ത് കോഴിയിറച്ചി വാങ്ങി. മടങ്ങിവന്ന് പച്ചക്കറിക്കടക്കാരനോട് ചോദിച്ചു: ‘എല്ലാം എടുത്തുവെച്ചോ?’
അയാള്‍ പറഞ്ഞു: ‘വെച്ചു’.
ഞാന്‍ പണവും കൊടുത്ത് വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു: ‘സഞ്ചിയില്‍ ഇറച്ചിയും പുതിനയുമില്ലല്ലോ’.
ഒരടിയും തന്ന് അമ്മയെന്നെ കടയിലേക്ക് പറഞ്ഞുവിട്ടു.ഞാന്‍ കരഞ്ഞാണ് പോയത്. കടയിലെത്തി. ഞാന്‍ കടക്കാരനോടു ചോദിച്ചു: ‘ആ കവറില്‍ പുതിനയില്ലായിരുന്നു’.
കടക്കാരന്‍ മറുപടി നല്‍കി: ‘പത്തുരൂപ തരൂ, ഞാന്‍ പുതിന തരാം’.
പക്ഷേ എന്റെ കയ്യില്‍ രൂപ ഇല്ലായിരുന്നു. പോക്കറ്റില്‍ പണമുണ്ടായിരുന്ന കാര്യം ഞാന്‍ ഓര്‍ത്തില്ലായിരുന്നു. ഞാന്‍ അറിയാതെ ചേനകള്‍ക്കടുത്തു സൂക്ഷിച്ചു നോക്കി. അദ്ഭുതമെന്നു പറയട്ടെ, ഒരു പത്തു രൂപയിരിക്കുന്നു. അതെടുത്ത് കടക്കാരനു കൊടുത്ത് പുതിനയും വാങ്ങി മടങ്ങും വഴി എന്റെ പോക്കറ്റിലുണ്ടായിരുന്ന പത്തുരൂപയെക്കുറിച്ചോര്‍ത്തു. ഞാന്‍ ആ രൂപയെടുത്ത് കൊതിയോടെ തനിയെ പറഞ്ഞു: ഹായ്! എനിക്കു നാളത്തേയ്ക്കു വേണ്ടിയുള്ള ബോള്‍ ഐസ് ക്രീമിനു രൂപയായി’.
ഞാന്‍ വീട്ടില്‍ ചെന്നു. പുതിന കാണിച്ചപ്പോള്‍ അമ്മ എന്നെ അടിക്കാന്‍ തുടങ്ങി. ഞാന്‍ കരഞ്ഞുകൊണ്ട് അമ്മയോട് ചോദിച്ചു: ‘എന്തിനാണമ്മേ എന്നെ അടിക്കുന്നത്?’
അപ്പോള്‍ അമ്മ എന്നെ മരക്കഴുതയെന്നൊക്കെ വിളിച്ചു. എന്നിട്ടു പറഞ്ഞു: ‘എടാ, വൃത്തികെട്ടവനേ, ഉണങ്ങിച്ചീഞ്ഞ പുതിനയാണോടാ കൊണ്ടുവന്നത്?’
ഒരടിയും തന്ന് അമ്മ പറഞ്ഞു: ‘എടാ ഈ പുതിന ആ കടക്കാരനു കൊടുത്തിട്ടു പറയണം, ഞങ്ങള്‍ക്കീ ചീഞ്ഞ പുതിന വേണ്ട, പത്തുരൂപ തിരികെ തന്നേക്കാന്‍. അതുപോലെ, ചിക്കനെവിടെ?’
‘അതു പച്ചക്കറിക്കടയിലുണ്ട്. ഞാന്‍ ഇപ്പോ പോയി കൊണ്ടുവരാം’

കാറ്റില്ലാത്ത സൈക്കിളില്‍ ഞാന്‍ വീണ്ടും കടയിലേയ്ക്ക്.

ഇതാണെന്റെ അശ്രദ്ധദിനം.

***** ***** ***** *****

1 comment:

  1. ഹാ...സോ..ക്യൂട്ട്...

    ReplyDelete