Sunday 10 October 2010

ലാഭമോ നഷ്ടമോ?

അച്ഛന്‍ എന്നെ എപ്പോഴും പട്ടീ എന്നു വിളിക്കും. പ്രത്യേകിച്ച് കണക്കു പഠിപ്പിക്കുമ്പോള്‍. എല്ലാ ദിവസവും വൈകുന്നേരം കണക്കു പഠിപ്പിക്കുകയാണ് അച്ഛന്റെ പരിപാടി. ഇന്നലെ പഠിപ്പിച്ച കണക്ക് നോക്കണേ: അനുവും ബിനുവും മാങ്ങ വിറ്റതാണ് കണക്ക്. അനു 3 മാങ്ങ 10 രൂപയ്ക്കു വില്‍ക്കും. ബിനു 2 മാങ്ങ 10 രൂപയ്ക്കു വില്‍ക്കും. ഒരിക്കല്‍ അനുവിനു പനി പിടിച്ചപ്പോള്‍ ബിനു അനുവിന്റേയും മാങ്ങ കൂടി എടുത്ത് 20 രൂപയ്ക്ക് 5 വച്ചു വിറ്റു. അപ്പോള്‍ ലാഭമോ നഷ്ടമോ?

ഞാന്‍ പറഞ്ഞു: ‘ആ‘

അതു കേട്ടതും അച്ഛന്‍ എന്നെ അടിച്ചു. പട്ടീ അന്നും വിളിച്ചു.

അപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു: ലാഭമോ നഷ്ടമോ വരുന്നത് അനുവിന് അല്ലെങ്കില്‍ ബിനുവിന്. അതിന് അടി കൊള്ളുന്നതും പട്ടി എന്ന വിളി കേള്‍ക്കുന്നതും ഞാന്‍.

എനിക്കെന്താണു ലാഭം?
*** *** *** ***

Wednesday 23 June 2010

അശ്രദ്ധ ദിനം

പതിവു പോലെ അമ്മ എന്നോട് സവോളയും പുതിനയും ഇറച്ചിയും ഇഞ്ചിയും മേടിക്കുവാന്‍ പറഞ്ഞു. പിറകില്‍ കാറ്റില്ലാത്ത സൈക്കിളിലാണ് പോയത്. അരക്കിലോമീറ്റര്‍ കാണും വീട്ടില്‍ നിന്ന് കടയിലേയ്ക്കു പോകാന്‍. ഞാന്‍ കടക്കാരന്റെയടുത്തുപോയി പറഞ്ഞു: ‘എനിയ്ക്ക് ഒരു കിലോ സവോളയും നൂറു ഗ്രാം ഇഞ്ചിയും നൂറു ഗ്രാം പുതിനയും എടുത്തുവെച്ചേക്കൂ’.
എന്നിട്ട് ഞാന്‍ ഹൈവേ ക്രോസ് ചെയ്ത് കോഴിയിറച്ചി വാങ്ങി. മടങ്ങിവന്ന് പച്ചക്കറിക്കടക്കാരനോട് ചോദിച്ചു: ‘എല്ലാം എടുത്തുവെച്ചോ?’
അയാള്‍ പറഞ്ഞു: ‘വെച്ചു’.
ഞാന്‍ പണവും കൊടുത്ത് വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു: ‘സഞ്ചിയില്‍ ഇറച്ചിയും പുതിനയുമില്ലല്ലോ’.
ഒരടിയും തന്ന് അമ്മയെന്നെ കടയിലേക്ക് പറഞ്ഞുവിട്ടു.ഞാന്‍ കരഞ്ഞാണ് പോയത്. കടയിലെത്തി. ഞാന്‍ കടക്കാരനോടു ചോദിച്ചു: ‘ആ കവറില്‍ പുതിനയില്ലായിരുന്നു’.
കടക്കാരന്‍ മറുപടി നല്‍കി: ‘പത്തുരൂപ തരൂ, ഞാന്‍ പുതിന തരാം’.
പക്ഷേ എന്റെ കയ്യില്‍ രൂപ ഇല്ലായിരുന്നു. പോക്കറ്റില്‍ പണമുണ്ടായിരുന്ന കാര്യം ഞാന്‍ ഓര്‍ത്തില്ലായിരുന്നു. ഞാന്‍ അറിയാതെ ചേനകള്‍ക്കടുത്തു സൂക്ഷിച്ചു നോക്കി. അദ്ഭുതമെന്നു പറയട്ടെ, ഒരു പത്തു രൂപയിരിക്കുന്നു. അതെടുത്ത് കടക്കാരനു കൊടുത്ത് പുതിനയും വാങ്ങി മടങ്ങും വഴി എന്റെ പോക്കറ്റിലുണ്ടായിരുന്ന പത്തുരൂപയെക്കുറിച്ചോര്‍ത്തു. ഞാന്‍ ആ രൂപയെടുത്ത് കൊതിയോടെ തനിയെ പറഞ്ഞു: ഹായ്! എനിക്കു നാളത്തേയ്ക്കു വേണ്ടിയുള്ള ബോള്‍ ഐസ് ക്രീമിനു രൂപയായി’.
ഞാന്‍ വീട്ടില്‍ ചെന്നു. പുതിന കാണിച്ചപ്പോള്‍ അമ്മ എന്നെ അടിക്കാന്‍ തുടങ്ങി. ഞാന്‍ കരഞ്ഞുകൊണ്ട് അമ്മയോട് ചോദിച്ചു: ‘എന്തിനാണമ്മേ എന്നെ അടിക്കുന്നത്?’
അപ്പോള്‍ അമ്മ എന്നെ മരക്കഴുതയെന്നൊക്കെ വിളിച്ചു. എന്നിട്ടു പറഞ്ഞു: ‘എടാ, വൃത്തികെട്ടവനേ, ഉണങ്ങിച്ചീഞ്ഞ പുതിനയാണോടാ കൊണ്ടുവന്നത്?’
ഒരടിയും തന്ന് അമ്മ പറഞ്ഞു: ‘എടാ ഈ പുതിന ആ കടക്കാരനു കൊടുത്തിട്ടു പറയണം, ഞങ്ങള്‍ക്കീ ചീഞ്ഞ പുതിന വേണ്ട, പത്തുരൂപ തിരികെ തന്നേക്കാന്‍. അതുപോലെ, ചിക്കനെവിടെ?’
‘അതു പച്ചക്കറിക്കടയിലുണ്ട്. ഞാന്‍ ഇപ്പോ പോയി കൊണ്ടുവരാം’

കാറ്റില്ലാത്ത സൈക്കിളില്‍ ഞാന്‍ വീണ്ടും കടയിലേയ്ക്ക്.

ഇതാണെന്റെ അശ്രദ്ധദിനം.

***** ***** ***** *****

Friday 18 June 2010

ടെര്‍മിനേറ്റര്‍ മരങ്ങള്‍

സമയം 9.30.
അച്ഛന്‍ പാഠപുസ്തകം എടുക്കാന്‍ പറഞ്ഞു. ഞാന്‍ എടുത്തുകൊണ്ടുവന്നത് സയന്‍സായിരുന്നു. അച്ഛന്‍ ചോദിച്ചു: ‘ടെര്‍മിനേറ്റര്‍ സീഡ് എന്നാല്‍ എന്താണ്?‘
ഞാന്‍ പറഞ്ഞു: ‘ആ വിത്ത് മുളച്ച് വലുതായാല്‍ അതില്‍ നിന്നുണ്ടാകുന്ന വിത്ത് മുളക്കില്ല.‘
അപ്പോഴാണ് അമ്മ വന്നത്. അമ്മയും അച്ഛനും അങ്ങനെ കുറച്ചു നേരം സംസാരിച്ചുകൊണ്ടിരുന്നു.
പെട്ടന്നു ഞാന്‍ ഇടയ്ക്കു കയറിപ്പറഞ്ഞു: ‘ഒരു കുഴപ്പം കൂടിയുണ്ട്.‘
അച്ഛന്‍ ചോദിച്ചു: ‘എന്താണത്?‘
ഞാന്‍ പറഞ്ഞു: ‘ഈ ടെര്‍മിനേറ്റര്‍ സീഡില്‍ നിന്ന് ഉണ്ടാകുന്ന വിത്ത് വലുതായി മരമായാല്‍ അതില്‍ നിന്ന് ഓക്സിജന്‍ കിട്ടില്ല.‘
അപ്പോള്‍ അമ്മ എന്നെ മരക്കഴുതയെന്നു വിളിച്ചു.
അപ്പോള്‍ എന്റെ ചിന്തയില്‍ വന്നത്- എത്ര പേര്‍ സൂര്യാഘാതം വന്നു മരിച്ചു? മരങ്ങള്‍ ഇല്ലാഞ്ഞിട്ടല്ലേ ഓസോണ്‍ പാളി തകര്‍ന്ന് അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയിലേയ്ക്ക് പ്രവേശിക്കുന്നത്? അതു കൂടാതെ എത്ര അളവ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് കൂടുന്നത്? എത്ര അളവ് ഓക്സിജനാണ് കുറയുന്നത്? മരങ്ങള്‍ക്കു മാത്രമേ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറയ്ക്കാനും ഓക്സിജന്‍ കൂട്ടാനും കഴിയുള്ളൂ. എന്തു ക്രൂരതയാണ് നമ്മള്‍ ഭൂമിയോട് ചെയ്യുന്നത്?